---
title: "പാപ്പിനിശ്ശേരി പുഴയിൽ അനധികൃത മത്സ്യബന്ധനം; വട്ടത്തോണിയും വലയും പിടിച്ചെടുത്തു"
english_title: "Illegal Fishing in Pappinisseri River: Coracle and Nets Seized by Fisheries Dept"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372624/ pappinisseri-illegal-fishing-coracle-nets-seized-kannur"
published_at: "2026-07-16T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5823ce839f3_pappinisseri-illegal-fishing-coracle-nets-seized-kannur.jpg"
keywords: ["Pappinisseri", "Illegal Fishing", "Kannur Fisheries", "Kerala News"]
---

# പാപ്പിനിശ്ശേരി പുഴയിൽ അനധികൃത മത്സ്യബന്ധനം; വട്ടത്തോണിയും വലയും പിടിച്ചെടുത്തു

> **Lead Summary:** **കണ്ണൂർ: **പാപ്പിനിശ്ശേരി പുഴയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ സംഘത്തിൽ നിന്ന് വട്ടത്തോണിയും വലയും ഫിഷറീസ് വകുപ്പും പൊലിസും ചേർന്ന് പിടിച്ചെടുത്തു.

## Article Content

**കണ്ണൂർ: **പാപ്പിനിശ്ശേരി പുഴയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ സംഘത്തിൽ നിന്ന് വട്ടത്തോണിയും വലയും ഫിഷറീസ് വകുപ്പും പൊലിസും ചേർന്ന് പിടിച്ചെടുത്തു.

പാപ്പിനിശ്ശേരി പാറക്കടവ് ഭാഗത്ത് വട്ടത്തോണിക്കാർ താമസിക്കുന്ന സ്ഥലത്താണ് സംയുക്ത പരിശോധന നടത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തിയ വട്ടത്തോണിയും വലയുമാണ് അധികൃതർ കണ്ടെത്തിയത്.

വട്ടത്തോണിയിൽ മത്സ്യബന്ധനം നടത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ പക്കൽ ലൈസൻസോ രജിസ്ട്രേഷനോ ഉണ്ടായിരുന്നില്ല.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ അരുൺ സുരേഷ്, അഖിൽ ആർ.എസ്, സംഗീത എ.കെ, ഓഫീസർമാരായ അലീന ജോസ്, അബ്ദുള്ള, മറൈൻ ഇൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഷംസുദ്ദീൻ, പ്രജോഷ്, ശ്രീരാജ് എന്നിവരും ഫിഷറീസ് റെസ്ക്യൂ ഗാർഡുകളും വളപട്ടണം പൊലിസും ചേർന്നാണ് പരിശോധന നടത്തിയത്.

രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ ആരും ഉൾനാടൻ മത്സ്യബന്ധനത്തിൽ ഏർപ്പെടരുതെന്ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിൽ അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ഇത്തരം പരിശോധനകൾ തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372624/ pappinisseri-illegal-fishing-coracle-nets-seized-kannur)